7-December-2023 -
By. news desk
കൊച്ചി: ലോകത്തെ ഏതു നാടിനോടും കിടപിടിക്കുന്ന അവസ്ഥയിലേക്ക് കേരളത്തെ ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇതാണ് നവകേരളത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്കമാലി മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രഭാത സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിന്ന് നിരവധി പേര്‍ വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായും കുടിയേറ്റത്തിനായും പോകുന്ന അവസ്ഥ ചൂണ്ടിക്കാട്ടിയതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തി വിദേശ രാജ്യങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ പോകുന്നത് പ്രതിരോധിക്കാനാണ് ശ്രമം.
വിദ്യാര്‍ഥികള്‍ പഠനത്തിനായി വിദേശത്ത് പോകുന്നതില്‍ വല്ലാതെ ആശങ്കപ്പെ ടേണ്ടതില്ല. മുന്‍ തലമുറ വളര്‍ന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. ഉള്ളം കൈയില്‍ ലോകം മുഴുവനും ലഭിക്കുന്ന കാലമാണ്. വിദേശ പഠനവും മറ്റും കുട്ടികള്‍ സ്വയം കണ്ടെത്തുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുകയും സ്ഥാപനങ്ങളുടെ മികവ് വര്‍ധിപ്പിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി സര്‍വകലാശാലകള്‍ നല്ല പ്രകടനം കാഴ്ചവെക്കുന്നു. പുതിയ കോഴ്‌സുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഹബ്ബായി കേരളം വികസിക്കുമ്പോള്‍ വിദേശ വിദ്യാര്‍ഥികളും കേരളത്തിലേക്കെത്തും. അവര്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്റ്റലുകള്‍ ആരംഭിക്കും.
ഇവിടെ പഠിക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. വ്യവസായ സ്ഥാപനങ്ങള്‍ക്കാവശ്യമായ കോഴ്‌സുകള്‍ അത്തരം സ്ഥാപനങ്ങളുമായി സഹകരിച്ച് ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. നാടിതുവരെ കണ്ടിട്ടുള്ള കൂട്ടായ്മകളെയെല്ലാം മറികടക്കുന്ന കൂടായ്മയാണ് നവകേരള സദസ്സില്‍ കാണുന്നത്. നമ്മുടെ നാട് ഒന്നിലും പിന്നില്‍ അല്ലെന്ന വികാരവും കാലാനുസൃത വികസനം ഇവിടെയുമുണ്ടാകണമെന്ന ജനങ്ങളുടെ ബോധ്യമാണ് ഈ പങ്കാളിത്തത്തിന് കാരണം. ജനാധിപത്യ പ്രക്രിയയില്‍ നിരവധി പുതുമകള്‍ സൃഷ്ടിച്ച നാടാണ് കേരളം. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് ജനങ്ങള്‍ക്ക് വിലയിരുത്താന്‍ അവസരം നല്‍കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി. 2016 ല്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ 600 എണ്ണത്തില്‍ വിരലിലെണ്ണാവുന്നവ ഒഴികെ എല്ലാം പൂര്‍ത്തിയാക്കി.
ഭരണനിര്‍വഹണത്തിന്റെ സ്വാദ് ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുക പ്രധാനമാണ്. ഇതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിച്ചു. ഇതിന് മികച്ച പ്രതികരണം ലഭിച്ചു. മന്ത്രിസഭ ഒന്നാകെ എത്തി മേഖലകള്‍ തിരിച്ച് മേഖലാ തല അവലോകന യോഗം നടത്തി ഓരോ മേഖലയുടെയും വികസന പ്രശ്‌നങ്ങളും തടസങ്ങളും ചര്‍ച്ച ചെയ്തു. വികസന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇതുവഴി അവസരം ലഭിച്ചു. സംസ്ഥാനം എത്തി നില്‍ക്കുന്ന പ്രത്യേക നിലയെക്കുറിച്ച് ജനങ്ങളെ അറിയിക്കുകയാണ് സദസ്സിലൂടെ. കേരളത്തിന് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന കേന്ദ്ര നിലപാടിനെതിരേ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണം. എന്നാല്‍ ചിലര്‍ പരിപാടി ബഹിഷ്‌കരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.